Media

17-ാം വയസിലും ആക്ട്‌സ് സാമൂഹ്യസേവനരംഗത്തെ പകരംവയ്ക്കാനില്ലാത്ത

അത്ഭുതം: ഉമ്മന്‍ചാണ്ടി

തൃശൂര്‍: മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുന്നിടത്താണ് നമ്മള്‍ മനുഷ്യരായി തീരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുവരെ സ്വാര്‍ത്ഥതയാണ് നമ്മളെ പൊതിഞ്ഞുനില്ക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ സമൂഹത്തില്‍ കാതലായ മാറ്റങ്ങളുണ്ടാകും. ഇത്തരം മനോഭാവം ഉണ്ടായാല്‍ സംഘര്‍ഷഭരിതമായ ഈ ലോകത്ത് വലിയ മാറ്റങ്ങള്‍ക്കു തുടക്കമിടാനാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വൈലത്തൂര്‍ സെന്റ് സിറിയക് പള്ളി അങ്കണത്തില്‍ ആക്ട്‌സിന്റെ 15 ആംബുലന്‍സുകളിലേക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായത്തിന്റെയും വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

17 വര്‍ഷമായി സാമൂഹ്യസേവന പ്രവര്‍ത്തനരംഗത്ത് പകരംവയ്ക്കാനില്ലാത്ത അത്ഭുതമായി നിലകൊള്ളുകയാണ് ആക്ട്‌സ്. പ്രസംഗിക്കുകയല്ല, പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് ജീവിതത്തിലൂടെ ആക്ട്‌സ് സാരഥി ഫാ. ഡേവിസ് ചിറമ്മല്‍ തെളിയിച്ചു. ചിറമ്മലച്ചന്‍ സ്വന്തം വൃക്ക പകുത്ത് നടത്തിയ ജീവദാനം സമൂഹത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. അവയവദാന, അവയവ ശസ്ത്രക്രിയ രംഗത്തെല്ലാം ഇതു ഉണര്‍വേകി. എത്രയോ പുതുജീവനുകള്‍ നല്കാനായി. സ്വയം ത്യാഗത്തിലൂടെയും സേവന മനോഭാവത്തോടെയും ചിറമ്മലച്ചന്‍ സമൂഹത്തേയും മനസുകളേയും കീഴടക്കി. അപകടത്തില്‍പെടുന്നവരെ രക്ഷിക്കണമെന്ന ചിന്തയിലേക്ക് മനസിനെ വഴിതിരിക്കേണ്ട സമയമായിരിക്കുന്നു. സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ എത്രയോ മരണങ്ങള്‍ക്ക് തടയിടാം. മനസുവച്ചാല്‍ എത്രയോ ജീവനുകള്‍ക്ക് കാവലാകാമെന്നും ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു.

ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍ധന രോഗികള്‍ക്കുവേണ്ടി ഫാ. ഡേവീസ് ചിറമ്മല്‍ നയിച്ച ജീവന്‍രക്ഷാ യാത്രയിലൂടെ സമാഹരിച്ച തുകയും വൈലത്തൂര്‍ ഇടവകയിലെ ഒരു കുടുംബം സംഭാവന നല്കിയ മൂന്നുലക്ഷം രൂപയുടെ ജീവന്‍രക്ഷാ ഉപകരണങ്ങളുമാണ് വിതരണം ചെയ്തത്. എരുമപ്പെട്ടി സ്വദേശി ലിന്‍സി സൈമണ്‍ ധനസഹായവും, ആക്്ട്‌സ് തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനന് ഉപകരണങ്ങളും ഉമ്മന്‍ചാണ്ടിയില്‍നിന്നും ഏറ്റുവാങ്ങി. ആക്്ട്‌സിന്റെ 15 ബ്രാഞ്ചുകളില്‍നിന്നും തെരഞ്ഞെടുത്ത അര്‍ഹരായ മുപ്പതും വൈലത്തൂര്‍ ഇടവകയില്‍നിന്നുള്ള ഇരുപതും അടക്കം 50 രോഗികള്‍ക്കാണ് 5000 രൂപ വീതം ധനസഹായം നല്കിയത്. അപകടസ്ഥലത്തു തന്നെ തലയ്ക്കും കൈകാലുകള്‍ക്കും കഴുത്തിനും സുരക്ഷ നല്കാവുന്ന അമേരിക്ക നിര്‍മിത ബാക്ക് ബോര്‍ഡ്(സ്‌ട്രെച്ചര്‍), സെര്‍വിക്കല്‍ കോളര്‍, സ്‌പൈഡര്‍ സ്ട്രാപ് എന്നീ ഏഴിനം ജീവന്‍രക്ഷാ ഉപകരണങ്ങളാണ് 15 ആംബുലന്‍സുകളിലേക്ക് വിതരണം നടത്തിയത്.

ഓണത്തോടെ ആക്്ട്‌സിന്റെ വൈലത്തൂര്‍ ബ്രാഞ്ചും ഒരു ആംബുലന്‍സും പ്രവര്‍ത്തനസജ്ജമാകുമെന്ന് വൈലത്തൂര്‍ സെന്റ് സിറിയക് പള്ളി വികാരിയും ആക്്ട്‌സ് ജനറല്‍ സെക്രട്ടറിയുമായ ഫാ. ഡേവിസ് ചിറമ്മല്‍ അറിയിച്ചു. ബ്രാഞ്ചിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന ചെലവിനുള്ള 4,80,000 രൂപയുടെ ധനസഹായം വൈലത്തൂര്‍ സ്വദേശി എന്‍.വി. കുഞ്ഞിമുഹമ്മദ് ഹാജിയും കൈമാറി.

ആക്ട്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ, വൈസ് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് ബിബിന്‍ ആലപ്പാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂര്‍, മുസ്ലീം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ജാഫര്‍ സാദിഖ്, വൈലത്തൂര്‍ സെന്റ് സിറിയക് പള്ളി ട്രസ്റ്റി ടി.എ. സജി എന്നിവര്‍ ആശംസകള്‍നേര്‍ന്നു. ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, കോണ്‍ഗ്രസ് നേതാക്കളായ ഒ. അബ്്ദുറഹ്മാന്‍കുട്ടി, പി.എ. മാധവന്‍, വോയ്‌സ് ഓഫ് ആക്്ട്‌സ് ചീഫ് എഡിറ്റര്‍ റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍, ആക്ട്‌സ് ജനറല്‍ സെക്രട്ടറിമാരായ ലൈജു സെബാസ്റ്റ്യന്‍, കെ.ഡി. മില്‍ട്ടന്‍, സുനില്‍ പാറമ്പില്‍, ട്രഷറര്‍ ലോനപ്പന്‍ പന്തല്ലൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

കാപഷന്‍.......
1. വൈലത്തൂര്‍ സെന്റ് സിറിയക് പള്ളിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വിതരണം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു. ആക്ട്‌സ് ജനറല്‍ സെക്രട്ടറിയും പള്ളി വികാരിയുമായ ഫാ. ഡേവീസ് ചിറമ്മല്‍, ആക്ട്‌സ് ഭാരവാഹികളായ ലൈജു സെബാസ്റ്റ്യന്‍, എം.കെ. വര്‍ഗീസ്, സി.എസ്. ധനന്‍, ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ എന്നിവര്‍ സമീപം.

2. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍ധന രോഗികള്‍ക്കുവേണ്ടി ഫാ. ഡേവീസ് ചിറമ്മല്‍ നയിച്ച ജീവന്‍രക്ഷാ യാത്രയിലൂടെ സമാഹരിച്ച തുകയുടെ വിതരണോദ്ഘാടനം എരുമപ്പെട്ടി സ്വദേശി ലിന്‍സി സൈമണിന് കൈമാറി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.
വിശക്കുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ആക്ട്‌സിന്റെ ക്രിസ്മസ് ആഘോഷം

തൃശൂര്‍: ആക്ട്‌സിന്റെ ആഭിമുഖ്യത്തില്‍ വിശക്കുന്നവര്‍ക്കായി സ്‌നേഹപൊതി-ഭക്ഷണവിതരണം നടത്തി. ശക്തന്‍ നഗറില്‍ നടന്ന പരിപാടി മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. വൃക്ക ദാനം ചെയ്ത ആക്ട്‌സ് പ്രവര്‍ത്തകന്‍ ബ്ലസനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍തട്ടില്‍, മാര്‍ ഒൗഗിന്‍ കുര്യാക്കോസ് എപ്പിസ്‌കോപ്പ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ക്രിസ്മസ് പ്രമാണിച്ച് അഞ്ഞൂറോളം അഗതികള്‍ക്ക് ബിരിയാണിയാണ് നല്‍കിയത്. ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ആക്ട്‌സ് പ്രവര്‍ത്തകര്‍ ക്രിസ്മസ് കിറ്റും വിതരണം ചെയ്തു.

ആക്ട്‌സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവീസ് ചിറമ്മല്‍, മാധ്യമപ്രവര്‍ത്തകന്‍ ജോയ് എം. മണ്ണൂര്‍, കാല്‍ഡിയന്‍ സിറിയന്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബി പോള്‍, ആക്ട്‌സ് വൈസ് പ്രസിഡന്റ് എം.കെ.വര്‍ഗീസ്, ആക്ട്‌സ് സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അബൂബക്കര്‍, സി.എസ്. ധനന്‍, ജയപ്രകാശ്, ആനന്ദപ്രസാദ്, കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം വയറുകളെ ഊട്ടിയ ആക്ട്‌സിന്റെ 'സ്‌നേഹപൊതി'

നന്മയുടെ സുഗന്ധംപരത്തി രണ്ടാംവര്‍ഷത്തിലേക്ക് കടന്നു. .....................

തൃശൂര്‍: ഒരുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം വയറുകളെ ഊട്ടിയ ആക്ട്‌സിന്റെ 'സ്‌നേഹപൊതി' നന്മയുടെ സുഗന്ധംപരത്തി രണ്ടാംവര്‍ഷത്തിലേക്ക് കടന്നു. വിശന്നുവലഞ്ഞെത്തിയ 600ഓളം പേര്‍ക്ക് പൊതിച്ചോറുകള്‍ വിതരണം ചെയ്താണ് ഒന്നാംവാര്‍ഷികം ആഘോഷിച്ചത്.

വിശക്കുന്നവന് അന്നംവിളമ്പുന്നത് ദൈവതുല്യമായ പ്രവൃത്തിയാണെന്ന് ആഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്ത തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ ആക്ട്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. വര്‍ഗീസ് അധ്യക്ഷനായി. ആക്്ട്‌സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവീസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ലൈജു സെബസ്റ്റ്യന്‍, സി.ആര്‍. വത്സന്‍, ടി.എ. അബൂബക്കര്‍, സി.എസ്. ധനന്‍ എന്നിവര്‍ പങ്കെടുത്തു.

വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവര്‍ക്ക് ജലവും എന്ന സ്‌നേഹവാക്യത്തോടെ 2016 മേയ് ഒന്നിന് തൊഴിലാളിദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ 20-30 പേര്‍ക്കാണ് ഭക്ഷണ വിതരണം ഉദ്ദേശിച്ചിരുന്നത്. ആക്്ട്‌സിന്റെ തൃശൂര്‍ ബ്രാഞ്ചില്‍ നടക്കുന്ന ഭക്ഷണം വാങ്ങിക്കഴിക്കാന്‍ പ്രതിദിനം 150-200 വരെ ആളുകളാണ് നിലവില്‍ എത്തുന്നത്. തൃശൂരിലെ വിവിധ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നും വിദ്യാര്‍ഥികളാണ് പൊതിച്ചോറുകള്‍ എത്തിച്ചുനല്കുന്നത്. സ്‌കൂളുകള്‍ക്കുപുറമേ വിവിധ സംഘടനകളും പ്രവൃത്തിയില്‍ പങ്കാളികളാകുന്നുണ്ട്. തൃശൂര്‍ ശക്തന്‍നഗറില്‍നടന്ന ചടങ്ങില്‍ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ്, പുത്തൂര്‍ ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ്, പൊങ്ങണംകാട് സെന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഒളരി ലിറ്റില്‍ ക്യൂന്‍ പബ്ലിക് സ്‌കൂള്‍, അരണാട്ടുകര ഇന്‍ഫന്റ് ജീസസ്, തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളജ്, വ്യാപാരവിജയം കുറീസ്, കാരുണ്യദീപം ചാരിറ്റബിള്‍ ട്രസ്റ്റ്, കെസിവൈഎം പാലയ്ക്കല്‍, ആക്്ട്‌സ് യൂണിറ്റുകളായ കൊട്ടേക്കാട്, പൂമല, കൂര്‍ക്കഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നും സന്നദ്ധപ്രവര്‍ത്തകരായ കെ.ടി. ജോയ്, ബൈജു എന്നിവരുടെ നേതൃത്വത്തിലുമാണ് സ്‌നേഹപൊതികള്‍ എത്തിച്ചുനല്കുന്നത്.

കാപ്ഷന്‍....
ആക്്ടിസിന്റെ സ്‌നേഹപൊതി പദ്ധതിയുടെ ഒന്നാംവാര്‍ഷികോദ്ഘാടനം തുറമുറവകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുന്നു.